36 -ാം വയസില്‍ മികച്ച അദ്ധ്യാപിക; ദിവ്യയ്ക്ക് ഇത് സമര്‍പ്പിത സേവനത്തിന്റെ അംഗീകാരം
Saturday 5th of September 2015 02:13:15 PM
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപികയ്ക്കുളള പുരസ്‌കാരം നേടിയ വിതുര വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ദിവ്യയ്ക്ക് ഈ പുരസ്‌കാരം സമര്‍പ്പിത സേവനത്തിനുളള അംഗീകാരമാണ്. പുതുതലമുറ സിനിമകളും ഇ വിദ്യാഭ്യാസവുമൊക്കെ പരിധി വിട്ടാല്‍ അപകടമാകുമെന്നാണ് ഈ അധ്യാപികയുടെ പക്ഷം.
അദ്ധ്യാപകനായിരുന്ന അച്ഛന്‍ സുകുമാരന്‍ നായരുടെ പാത പിന്തുടര്‍ന്നാണ് ദിവ്യയും ഈ മേഖലയിലെത്തിയത്. കൃഷി ഓഫീസര്‍ ഉദ്യോഗം ഉപേക്ഷിച്ചാണ് അദ്ധ്യാപക ജോലി തെരഞ്ഞെടുത്തത്. വിതുര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു തുടക്കം. 12 വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഇവിടെ തന്നെ പ്രധാന അദ്ധ്യാപികയുമായി. ഈ കാലയളവിനുള്ളില്‍ ദിവ്യയുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ നടത്തിയ പരിശ്രമത്തിലൂടെ വിതുര സ്‌കൂളും വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു.
പുതുതലമുറയിലെ കുട്ടികളുടെ ചിന്താരീതിയും സ്വഭാവവും മനസിലാക്കിയാണ് ഈ അദ്ധ്യാപികയുടെ പ്രവര്‍ത്തനം. ഇന്നത്തെ കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് മാദ്ധ്യമങ്ങളും സിനിമകളുമാണെന്ന് ദിവ്യ പറയുന്നു. പ്രേമം പോലുളള സിനിമകളും സംഭവങ്ങളും കുട്ടികളെ വഴിതെറ്റിക്കാന്‍ ഒരു കാരണമാണ്. എന്നാല്‍ ഇത് തിരിച്ചറിയുന്ന കുട്ടികളും ഉണ്ടെന്ന് ദിവ്യ സൂക്ഷ്യപ്പെടുത്തുന്നു. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരവും കുട്ടികളെ വഴിതെറ്റിക്കുന്നതായി ഈ അദ്ധ്യാപിക ചൂണ്ടിക്കാണിക്കുന്നു.
മികച്ച അദ്ധ്യാപികയ്ക്കുളള പുരസ്‌കാരം സമൂഹത്തോടുളള തന്റെ ഉത്തരവാദിത്വം ഇരട്ടിയാക്കുന്നുവെന്നാണ് ദിവ്യയുടെ പക്ഷം. എല്‍ഐസി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രാജേഷും കുട്ടികള്‍ക്കുമൊപ്പം കവടിയാറിലാണ് ദിവ്യയുടെ താമസം.
No comments:
Post a Comment